ന്യൂഡൽഹി: ഭാരതം നേതൃത്വം നൽകുന്ന ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴിയിൽ ഗ്രീസ് പങ്കാളിയാകുമെന്ന് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീസ് പ്രധാനമന്ത്രി മിത്സോടാക്കിസും നരേന്ദ്രമോദിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ഇന്ന് നടന്ന റെയ്സീന ഡയോലോഗിൽ പങ്കെടുക്കാനെത്തിയതാണ് ഗ്രീസ് പ്രധാനമന്ത്രി.
ഗ്രീസിന്റെ തീരുമാനം സന്തോഷകരമായ കാര്യമാണെന്നും പദ്ധതിയിൽ ഗ്രീസിന്റെ പങ്കാളിത്തം വലിയ ചലനം സൃഷ്ടിക്കുമെന്നും കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജി-20 അദ്ധ്യക്ഷ പദവിയിലിരുന്ന കാലത്താണ് ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴി ആരംഭിച്ചതെന്നും. ഇത് വികസനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയുടെ ബെൽറ്റ് ആർഡ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ മുന്നോട്ട് വച്ച് ഇടനാഴിയാണ് ഇന്ത്യ- മിഡിൽ ഈസ്റ്റ് യുറോപ്പ് ഇടനാഴി. സാമ്പത്തിക കുരുക്കിൽ അകപ്പെടുത്തിയും സൈനിക നീക്കത്തിലൂടെയും ഏഷ്യൻ മേഖലയിലെ രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള ചൈനയുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്ത്യ മുന്നോട്ട് വച്ച് പുത്തൻ സാമ്പത്തിക ഇടനാഴി.
പുരാതനവും മഹത്തായതുമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഗ്രീസും. ഇരു സംസ്കരങ്ങൾ തമ്മിൽ സാംസ്കാരിക ബന്ധത്തിന്റെ നീണ്ടതും ആഴത്തിലുമുള്ള ചരിത്രമുണ്ട്. രണ്ടായിരം വർഷമായി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ വ്യാപാര സാംസ്കാരിക ആശയ കൈമാറ്റം നടക്കുന്നുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ആഗോളതലത്തിലുള്ള വിവിധ വിഷയങ്ങളിലും ഇരുവരും തമ്മിൽ ആഴത്തിലുള്ള ചർച്ച നടന്നു. എല്ലാ തർക്കങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് പരസ്പരം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2021 രൂപീകൃതമായ നാല് രാഷ്‌ട്രങ്ങളുടെ ഗ്രൂപ്പായ I2U2 ഫോറത്തിൽ നടന്ന ചർച്ചയിലാണ് IMEC എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇന്ത്യ, യുഎസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്. സാങ്കേതികവും സ്വകാര്യവുമായ സഹകരണം ആഴത്തിലാക്കുകയും വലിയ വെല്ലുവിളികളെ നേരിടുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. മിഡിൽ ഈസ്റ്റിലും മറ്റ് രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനാണ് പദ്ധതി രൂപീകൃതമായത്.















