ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ക്രിക്കറ്റ് താരമാണ് സച്ചിൻ ടെണ്ടുക്കൽകർ. എവിടെ യാത്ര ചെയ്താലും സച്ചിന് ചുറ്റും ആരാധകരുടെ ഒരു കൂട്ടത്തെ കാണാനാകും. അത്തരത്തിൽ സച്ചിന്റെ ഒരു യാത്രയാണ് സമൂഹമാദ്ധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. സച്ചിനെ ആരാധകർ ആരവത്തോടെ വിമാനത്തിലേക്ക് സ്വാഗതം ചെയ്യുകയും സച്ചിൻ …സച്ചിൻ എന്ന് ഉറക്കെ വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
സഹയാത്രികരായ ആരാധകരാണ് സച്ചിനെ കണ്ടതോടെ ആവേശത്തിലായത്. സന്തോഷം പങ്കുവയ്‌ക്കുന്നതിനായി ആരാധകർ കയ്യടിച്ച് ഇതിഹാസ താരത്തെ വിമാനത്തിലേക്ക് വരവേൽക്കുകയും സച്ചിന്റെ ശ്രദ്ധ ആകർഷിക്കാനായി ഉച്ചത്തിൽ വിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നത്.
ആരാധകരുടെ സന്തോഷം കണ്ട സച്ചിൻ വികാരഭരിതനായി സഹയാത്രികരെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇതും വീഡിയോയിൽ കാണാം.















