ബോളിവുഡ് നടി രാകുൽ പ്രീത് സിംഗിന്റെയും നടൻ ജാക്കി ഭഗ്നാനിയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത്. രാകുൽ പ്രീത് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽ വച്ച് നടന്ന വിവാഹാഘോഷത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഐടിസി ഗ്രാൻഡ് സൗത്ത് ഗോവയിൽ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. രണ്ടു പേരുടെയും ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നു. പിങ്ക് പീച്ച് നിറത്തിലെ ലഹങ്കയാണ് രാകുൽ പ്രീത് വിവാഹച്ചടങ്ങിൽ അണിഞ്ഞത്. ക്രീം ഗോൾഡൻ ഷെർവാണിയാണ് ജാക്കിയുടെ വേഷം.

2021 ഒക്ടോബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ചിരുന്നു. വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനായി ബോളിവുഡ് താരങ്ങളും ഗോവയിലെത്തിയിട്ടുണ്ട്.

അക്ഷയ് കുമാർ, ജാക്കി ഷ്രോഫ്, വരുൺ ധവാൻ, ശിൽപ ഷെട്ടി, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, ഡേവിഡ് ധവാൻ തുടങ്ങി സിനിമാ രംഗത്തുനിന്നുള്ള നിരവധിപ്പേർ താരങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയിട്ടുണ്ട്.

കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ 2വിലാണ് രാകുൽ ഇപ്പോൾ അഭിനയിക്കുന്നത്. അതേസമയം ജാക്കിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രമാണ്.















