ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്ക് വീണ്ടും തിരിച്ചടി. പരിക്കിന്റെ പേരിൽ രഞ്ജി ക്വാർട്ടർ ഫൈനൽ കളിക്കാതെ വിട്ടുനിന്ന താരത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പുറം വേദനയുടെ പേരിലാണ് താരം രഞ്ജി കളിക്കാതെ മുങ്ങിയത്. എന്നാൽ എൻസിഎ സ്പോർട്സ് സയൻസ് ആൻഡ് മെഡിസിൻ തലവൻ നിതിൻ പട്ടേലാണ് താരത്തിന് പുതിയ പരിക്കുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയത്. അയ്യർ ഫിറ്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യർ സെലക്ഷന് സജ്ജമാണ്, പുതിയ പരിക്കുകളൊന്നുമില്ല. രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യൻ ടീമിന് കൈമാറിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്ത്യ എ ക്രിക്കറ്റർമാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് രാജ്കോട്ട് ടെസ്റ്റിന് മുൻപ് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇഷാൻ കിഷനും ശ്രേയസ് അയ്യറും പതിവായി രഞ്ജി കളിക്കാതെ മുങ്ങുന്നത് ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.