ബെംഗളൂരു: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഇന്ന് ട്രെയിൻ സർവീസ്. ഇന്നും ഫെബ്രുവരി 24-നും സ്‌പെഷ്യൽ ഫെയർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളിയിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുക നാളെയും ഫെബ്രുവരി 25-നും ആയിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സ്‌പെഷ്യൽ ഫെയർ ട്രെയിൻ ആയതിനാൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടാകും. ട്രെയിനിന്റെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. എസ്എംവിടി ബയ്യപ്പനഹള്ളി-കൊച്ചുവേളി സ്‌പെഷ്യൽ (060501) ട്രെയിൻ ഇന്ന് രാത്രി 11.55-ന് സർവീസ് ആരംഭിക്കും. നാളെ വൈകിട്ട് 7.10-ഓടെ കൊച്ചുവേളിയിൽ എത്തും.
കൊച്ചുവേളി-എസ്എംവിടി ബയ്യപ്പനഹള്ളി സ്‌പെഷ്യൽ (06502) രാത്രി 11-ന് കൊച്ചുവേളിയിൽ നിന്ന് സർവീസ് ആരംഭിക്കും. തൊട്ടടുത്ത ദിവസം വൈകിട്ട് 4.30-ഓടെ ബയ്യപ്പനഹള്ളിയിൽ എത്തും. വൈറ്റ്ഫീൽഡ്, ബംഹാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രണ്ട് എസി ടുടയർ, 13 എസി ത്രീ ടയർ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണ് ട്രെയിനിൽ ഉള്ളത്.















