ന്യൂഡൽഹി: യാത്രക്കാർക്ക് ഉഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് ഓഫർ ലഭ്യമാണ്. “Xpress Lite” എന്ന പേരിലാണ് വിമാന കമ്പനി ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ വരുന്ന യാത്രക്കാർക്ക് കാബിൻ ബാഗേജ് ഏഴ് കിലോയിൽ നിന്ന് 10 കിലോ ഗ്രാം വരെ കൊണ്ടുപോകാനും അനുമതി ലഭിക്കും.
വിമാനകമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് മുഖേനയോ ഓഫർ സ്വീകരിക്കാവുന്നതാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നേരത്തെ തന്നെ പല വിമാന കമ്പനികളും നടപ്പിലാക്കിയിട്ടുള്ള രീതിയാണിത്. എയർ ഇന്ത്യ എക്സ്പ്രസ് മുഖേന ഈ രീതിക്ക് ഇന്ത്യയിലും തുടക്കമാവുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികളും ഓഫർ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.