ഗാന്ധിനഗർ: ഗുജറാത്തിലെ നവസാരിയിൽ മെഗാ റോഡ്‌ഷോ നടത്തി പ്രധാനസേവകൻ. പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. നിരവധി ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയത്. വഴിയോരത്ത് കാത്തുനിന്ന ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനായി നൂറുകണക്കിന് ബിജെപി പ്രവർത്തകർ നഗരവീഥിയിൽ അണിനിരന്നു.
പ്രധാനമന്ത്രിയോടൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നവസാരി എംപി സിആർ പാട്ടീലും റോഡ്ഷോയിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ റോഡ് ഷോയിൽ പങ്കാളികളായി. നവസാരിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റോഡ്, റെയിൽ, ഊർജം, ആരോഗ്യം, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, നഗരവികസനം, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകൾക്കായുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 47,000 കോടിയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
മെഹ്‌സാനയിൽ നടന്ന പൊതുപരിപാടിയിൽ നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കണക്റ്റിവിറ്റി, ഇൻഫ്രാ, നഗരവികസനം, തുണിത്തരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.















