ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസ് വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോമാഞ്ചം കുടുകുടെ ചിരിപ്പിച്ചെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് കരയിപ്പിച്ചുവെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ഒരു കൂട്ടം യുവാക്കളുടെ യഥാർത്ഥ ജീവിത കഥയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്.
സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

സിനിമ കണ്ട് പുറത്തിറങ്ങിയ താരങ്ങളുടെ പ്രതികരണങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. തിയേറ്ററിന് പുറത്തിറങ്ങിയ ശേഷം ശ്രീനാഥ് ഭാസിയെ കെട്ടിപിടിച്ച് കരയുന്ന സൗബിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേട്ടാണ് സൗബിൻ വികാരഭരിതനായത്. ശ്രീനാഥ് ഭാസിയുടെ കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാനാകും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സൗബിന്റെ ഹിറ്റ് ചിത്രം രോമാഞ്ചം തിയേറ്ററിലെത്തിയത്. രോമാഞ്ചം പോലെ ഇതും ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.















