ഡൽഹി: കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല ഒരു പ്രതിച്ഛായ ഉണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. റെയ്‌സിന ഡയലോഗിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉയർന്നു എന്നതിനും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് വലിയ ഒരു സ്ഥാനം ഉണ്ടായി എന്നതിന്റെയും ഉദാഹരണമാണ് ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള കോൺഗ്രസ് എംപിയുടെ വാക്കുകൾ.
“പത്ത് വർഷം മുമ്പ് ആരംഭിച്ച റെയ്‌സിന ഡയലോഗ് വളരെ നല്ല ഒരു ആശയമാണ്. കാരണം, ഇതിൽ നിരവധി രാജ്യങ്ങൾ, ഏകദേശം 118 രാജ്യങ്ങൾ പങ്കെടുക്കുന്നു. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ മാത്രമല്ല, പരസ്പരം കാണാൻ ഒത്തുകൂടുന്ന സ്ഥലമായി ഇന്ത്യ മാറുന്നു. ഇവിടെ പൊതുവായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു. റെയ്‌സിന ഡയലോഗ് വളരെ നല്ല ഒരു സംരംഭമായി ഞാൻ കരുതുന്നു. വിദേശകാര്യ മന്ത്രാലയവും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്”.
“നല്ല ഒരു സ്വകാര്യ-പൊതു പങ്കാളിത്തമാണ് റെയ്‌സിന ഡയലോഗ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്‌ക്ക് നല്ല ബന്ധമുണ്ടാക്കാൻ സാധിക്കും. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് നല്ല ഒരു പ്രതിച്ഛായ ഉണ്ടാകും. ഇത് മുന്നോട്ടും പ്രധാന്യത്തോടെ തന്നെ പോകുമെന്ന് ഞാൻ വിസ്വസിക്കുന്നു. എങ്കിൽ കൂടുതൽ പ്രമുഖരെ ആകർഷിക്കാൻ ഭാരതത്തിന് കഴിയും. രാജ്യത്തെ സംബന്ധിച്ച് നല്ല ഒരു ഫോറമായിരിക്കും ഇത്”- ശശി തരൂർ പറഞ്ഞു.
ആഗോള സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ പ്രധാന കോൺഫറൻസാണ് റെയ്‌സിന ഡയലോഗ്. ഫെബ്രുവരി 21 മുതൽ 23 വരെ ഡൽഹിയിലാണ് റെയ്‌സിന ഡയലോഗിന്റെ ഒമ്പതാം പതിപ്പ് നടക്കുന്നത്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായം, സാങ്കേതികവിദ്യ, ധനകാര്യം, മറ്റ് മേഖലകളിലെ പ്രതിനിധികൾ എന്നിവർ റെയ്‌സിന ഡയലോഗിൽ പങ്കെടുക്കുന്നു.















