വയനാട്: ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നവർ നിയമസഭയിലെത്തിയാൽ മൃഗങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലികളെയും കോഴികളെയും വീട്ടിൽ വളർത്താൻ പാടില്ലെന്നാണ് ഒരു മന്ത്രി പറഞ്ഞത്. വന്യമൃഗങ്ങളെ ആകർഷിക്കുമെന്നാണ് വാദം. ഇങ്ങനെയുള്ളവരോട് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മക്കൾ പറഞ്ഞതാണ് പറയാനുള്ളൂ. വോട്ട് ചോദിച്ച് കാട്ടിലേക്ക് പൊയ്‌ക്കോളൂ. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണു ചിത്രീകരിക്കുന്നത്. ആനയുടെ സൈക്കോളജി അറിയാതെയാണ് പടക്കം എറിയുന്നത്. ആനയുടെ സൈക്കോളി അറിയുന്ന പണ്ഡിതരേക്കാൾ ആനയെ അറിയുന്നവരാണ് വയനാട്ടുകാരെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കൽപറ്റയിൽ സംഘടിപ്പിച്ച റാലിയിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. കൽപറ്റ കൈനാട്ടിയിൽനിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. രാവിലെ മുതൽ കളക്ടറേറ്റിന് മുന്നിൽ മുന്നൂറോളം പേർ ഉപവാസ സമരവും നടത്തിയിരുന്നു.















