കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ നടത്തിയ നിർമ്മാണം തകർത്ത് ഗ്രാമവാസികൾ. സംഭവത്തിന് പിന്നാലെ സന്ദേശ്ഖാലിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വന്നിരുന്ന സ്ഥലങ്ങൾ ഷാജഹാൻ ഷെയ്ഖിന്റെ സഹോദരൻ സിറാജുദ്ദീൻ അക്തർ കൈവശപ്പെടുത്തിയ ശേഷം മത്സ്യം വളർത്തുന്ന കുളങ്ങളായി ഉപയോഗിച്ച് വരികയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന നിർമ്മിതിയാണ് നാട്ടുകാർ കത്തിച്ചത്.
സിറാജുദ്ദീൻ തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങൾ ബലമായി പിടിച്ചെടുത്ത ശേഷം മത്സ്യവളർത്തുന്ന കുളങ്ങളാക്കി മാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഷാജഹാൻ ഷെയ്ഖിനേയും സിറാജ്ജുദ്ദീനേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് സ്ത്രീകളാണ് പ്രദേശത്തേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയത്. പിന്നാലെ ഇവരുടെ കൂട്ടാളികൾ പ്രതിഷേധ പ്രകടനം നടത്തിയവരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നാട്ടുകാർ ഇവിടെയുണ്ടായിരുന്ന നിർമ്മിതിക്ക് തീയിട്ടത്.
സംഭവത്തിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയായിരുന്നു. സിറാജ്ജുദീൻ ഷെയ്ഖിന്റെ ഭാഗത്ത് നിന്ന് തങ്ങൾ ക്രൂരമായ ആക്രമണമാണ് നേരിടുന്നതെന്ന് സ്ഥലത്തെത്തിയ സ്ത്രീകൾ ആരോപിച്ചു. ഡിഐജി ഭാസ്‌കർ മുഖർജിയേയും എസ്പി ഹൊസൈൻ മെഹെദി റഹ്‌മാനേയും പ്രദേശത്തെ സ്ത്രീകൾ ഇക്കാര്യം അറിയിച്ചു. സ്ത്രീകൾക്ക് മതിയായ സംരക്ഷണം നൽകുമെന്ന് ഡിഐജി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രതിഷേധക്കാർ മടങ്ങിപ്പോയത്.















