കൊൽക്കത്ത: സന്ദേശ്ഖാലിയിൽ കുറച്ച് സംസാരത്തിന്റേയും, കൂടുതൽ പ്രവർത്തനത്തിന്റേയും ആവശ്യമാണ് ഇപ്പോൾ ഉള്ളതെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംസ്ഥാനത്ത് ഭരണ നേതൃത്വത്തിൽ ഇരിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ഉപദേശം ഇതാണെന്നും സി വി ആനന്ദബോസ് പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” സംസ്ഥാനത്തിന്റെ ഭരണ നേതൃത്വത്തിലിരിക്കുന്ന ഓരോ വ്യക്തിയോടുമുള്ള എന്റെ ഉപദേശമാണിത്. എല്ലാവരും കുറച്ച് സംസാരിക്കുകയും കൂടുതൽ സംസാരിക്കുകയും ചെയ്യേണ്ട സമയമാണിത്. സന്ദേശ്ഖാലിയിൽ സമാധാനം പുന:സ്ഥാപിക്കാനും അവിടെയുള്ള കുട്ടികളേയും സ്ത്രീകളേയും സംരക്ഷിക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യുക. രാഷ്‌ട്രീയ മുതലെടുപ്പ് നടത്തേണ്ട ഒരു സാഹചര്യമല്ല ഇത്.
ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇക്കാര്യം അറിയിച്ച് സംസ്ഥാന സർക്കാരിനും കത്ത് നൽകിയിരുന്നു. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം ഒരിക്കലും വീണ്ടെടുക്കാനാകില്ല. അയാളെ അറസ്റ്റ് ചെയ്യാത്തത് രാഷ്‌ട്രീയ സ്വാധീനം കൊണ്ടാണോ എന്നുള്ളത് തനിക്ക് അറിയില്ല. അവിടുത്തെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്ന കാര്യം മാത്രമാണ് എനിക്ക് ഇപ്പോൾ അറിയാവുന്നത്. ഓരോ കാര്യങ്ങളിലും ഇപ്പോഴും ദുരൂഹതയുണ്ട്. കുറ്റവാളി ഇപ്പോഴും ഒളിവിലാണ്. ആരെങ്കിലും അയാളെ സംരക്ഷിക്കുകയാണെന്ന് ആരോപിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു മാസത്തിലധികമായി ഈ വ്യക്തി ഒളിവിൽ കഴിയുന്നത് ആരുടേയും നല്ലതിനല്ല.
ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്താലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. പീഡന ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അവർ സമാധാനം ആഗ്രഹിക്കുന്നു. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാൻ അവരും ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗുണ്ടകൾ വലിയ തോതിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ല എന്നതാണ് പ്രശ്‌നം. നിയമം കയ്യിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകൾക്കെതിരെ കേസെടുക്കണം. ഇത്തരം സന്ദർഭങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളോടൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും” സി വി ആനന്ദബോസ് പറഞ്ഞു.















