ശ്രീനഗർ: ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് രക്ഷകരായി സൈന്യം. ജമ്മു-ശ്രീനഗർ ഹൈവേയിൽ അകപ്പെട്ട രാജസ്ഥാൻ സർവകലാശാലയിലെ 74 വിദ്യാർത്ഥികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്ന ഏഴ് അദ്ധ്യാപകരെയും സൈന്യം രക്ഷപ്പെടുത്തി.
മൂന്ന് ദിവസത്തോളമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഹൈവേയിൽ കുടുങ്ങിക്കിടന്നത്. ബനിഹാൽ പ്രദേശത്ത് വച്ച് മണ്ണിടിഞ്ഞതോടെ യാത്ര തടസപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജമ്മുവിൽ തുടർച്ചയായുണ്ടായ മഞ്ഞുവീഴ്ചയിൽ നിരവധി വാഹനങ്ങളാണ് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ കുടുങ്ങിയത്. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയെ തുടർന്ന് സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ നാഥുലയിൽ കുടുങ്ങിയ 500 ഓളം വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ ത്രിശക്തി കോർപ്സിലെ സൈനികരാണ് ഇവരെ രക്ഷപ്പെടുത്തിയത്.















