ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. ‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷക സംഘം. ലോഗിംഗ് കമ്പനിയായ സുമിറ്റോമോ ഫോറസ്ട്രിയും ഇവർക്കൊപ്പം നിർമ്മാണത്തിന് സഹായമേകുന്നുണ്ട്.
മഗ്നോളിയ മരം കൊണ്ടാണ് ഉപഗ്രഹത്തിന്റെ നിർമ്മാണം. അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലെ (ഐഎസ്എസ്) വിള്ളലുകളെ പ്രതിരോധിക്കാൻ പേടകത്തിന് കഴിയുമെന്ന് ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. നാസയുടെ റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഉപഗ്രഹങ്ങൾ നിർമ്മിക്കുന്ന ലോഹങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദമായതും എളുപ്പത്തിൽ സംസ്കാരിക്കാനും സാധിക്കുന്നവയാണ് മരങ്ങൾ. അതിനാലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പരീക്ഷണത്തിന് ജാക്സ ഒരുങ്ങുന്നത്.
ഉപഗ്രഹങ്ങൾ കത്തി നശിക്കുമ്പോൾ ഉണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങൾ കുറയ്‌ക്കാൻ ഇത്തരം പരിസ്ഥിതി സൗഹാർദ നിർമിതികൾക്ക് കഴിയുമെന്ന് ക്യോട്ടോ സർവകലാശാല വ്യക്തമാക്കുന്നു. ഭൂമിയിലെ ഓക്സിജനുമായി ചേരുമ്പോഴാണ് മരങ്ങൾ കത്തുന്നതും ചീയുന്നതും രൂപമാറ്റം സംഭവിക്കുന്നതൊക്കെ. എന്നാൽ ബഹിരാകാശത്ത് ഓക്സിജന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ തന്നെ ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ല. ബഹിരാകാശത്ത് മരം നശിക്കില്ലെന്നും ഗവേഷകനായ കോജി മുറാട്ട പറയുന്നു.
വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് പേടകം. ബഹിരാകാശത്തെ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നാകും മുഖ്യമായും പരിശോധിക്കുക. -150 ഡിഗ്രി സെൽഷ്യസ് മുതൽ 150 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഉപഗ്രഹത്തിന്റെ ബലത്തിന് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്ന് വിവിധ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂമിക്ക് പുറത്ത് ഉപഗ്രഹം എപ്രകാരം പ്രതികരിക്കുമെന്നും താപവ്യതിയാനം എങ്ങനെയാകുമെന്നുമാകും ദൗത്യം പഠനവിധേയമാക്കുക.















