ന്യൂഡൽഹി: പുസ്തകം നോക്കി പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക് സംവിധാനം (open-book exam-OBE) നടപ്പിലാക്കാനൊരുങ്ങി സിബിഎസ്ഇ. അടുത്ത അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. 9, 10 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾക്കും 11, 12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങൾക്കുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് നടപ്പിലാക്കുക.
തിരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രമാകും പരീക്ഷണം. നവംബർ-ഡിസംബർ മാസങ്ങളിലായി പരീക്ഷ നടത്തും. പുസ്തകം നോക്കി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ എടുക്കുന്ന സമയവും ഇതിന്റെ മൂല്യനിർണ്ണയവും വിലയിരുത്തിയതിന് ശേഷമാകും പദ്ധതി വ്യാപിപ്പിക്കുക. ഓപ്പൺ ബുക്ക് പരീക്ഷകളുടെ സാധ്യതകൾ പരിഗണിക്കണമെന്ന ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെ പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ നീക്കം. നേരത്തെ, കൊറോണ മഹാമാരി കാലത്ത് ഡൽഹി സർവ്വകലാശാല ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. ശേഷം പഴയരീതിയിലേക്ക് മടങ്ങുകയും ചെയ്തു.
എന്താണ് ഓപ്പൺ ബുക്ക് പരീക്ഷ?
പരീക്ഷാസമയത്ത് വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങൾ നോക്കിയെഴുതാൻ സൗകര്യം നൽകുന്നതാണ് ഓപ്പൺ ബുക്ക് എക്സാം.















