തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപത്തിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ വ്യാജ അക്യുപങ്ചർ ചികിത്സകൻ പിടിയിൽ. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ശിഹാബുദ്ദീനെ എറണാകുളത്ത് നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് പിടികൂടിയത്. ഇയാളെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നയാസിനെ പിടികൂടിയത്. മനഃപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനിയായ ഷമീറയും നവജാതശിശുവും പ്രസവത്തെ തുടർന്ന് മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്.















