ലക്‌നൗ: ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാർക്കായി ഇൻഡി സഖ്യം എന്താണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. സഖ്യം അവരുടെ കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്തു വരുന്നതെന്നും പിന്നാക്ക വിഭാഗത്തെ മാറ്റി നിർത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാരാണസിയിൽ നടന്ന സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ന് എല്ലാ പിന്നാക്ക വിഭാഗക്കാരും ഞാൻ പറയുന്ന കാര്യം ഓർക്കേണ്ടതുണ്ട്. ഇൻഡി സഖ്യം പിന്നാക്ക വിഭാഗങ്ങൾക്കായി എന്താണ് രാജ്യത്ത് നടപ്പിലാക്കിയത്? പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അത് തടയിടാൻ മാത്രമാണ് അവർ പരമാവധി ശ്രമിച്ചിട്ടുള്ളത്. ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം അവരുടെ കുടുംബത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നത് മാത്രമാണ്. ദളിതരെ അവർ മറക്കുന്നു, അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടു വരാൻ താത്പര്യം പ്രകടിപ്പിക്കാതിരിക്കുന്നു. ഇതാണ് ഇൻഡി സംഖ്യം രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
സന്ത് രവിദാസ് ജിയുടെ ആശയങ്ങൾ കണക്കിലെടുത്താണ് ബിജെപി പ്രവർത്തിക്കുന്നത്. ബിജെപി സർക്കാർ എല്ലാവർക്കും വേണ്ടിയുള്ളതാണ്, ബിജെപി സർക്കാരിന്റെ പദ്ധതികൾ എല്ലാവർക്കുമായുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ മുഖം മനസിൽ കണ്ട്, അവർക്ക് കൂടി വേണ്ടിയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രവർത്തിച്ചത്. ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയവയ്‌ക്കെതിരെ ശബ്ദം ഉയർത്തിയ വ്യക്തിയാണ് സന്ത് രവിദാസ് ജി. അദ്ദേഹത്തിന്റെ ആശയങ്ങളിലൂന്നി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ബിജെപിക്ക് എന്നും അഭിമാനം നൽകുന്ന കാര്യമാണ്. ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന വിജയമന്ത്രം 140 കോടി ജനങ്ങളിലേക്കും എത്തും. രാജ്യത്തെ ഓരോ കോണിലുള്ള ജനങ്ങളിലേക്കും വികസനം എത്തും. ഇത് മോദി നിങ്ങൾക്ക് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.















