തിരുവനന്തപുരം: കേരള പദയാത്രയുടെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഈ മാസം 27ന് രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അരലക്ഷം പേർ പങ്കെടുക്കും. പദയാത്രയുടെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്ക് വലിയമാറ്റം സംഭവിക്കും. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരനും തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണ ജനങ്ങളാണ് പദയാത്ര വിജയകരമാക്കിയത്. രാജ്യത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളിലും മോദി നൽകുന്ന ഗ്യാരന്റിയിലും വിശ്വാസം പുലർത്തിയാണ് ജനങ്ങൾ ബിജെപിക്കൊപ്പമെത്തുന്നത്. കേരളത്തിൽ വലിയമാറ്റത്തിന് വഴിതുറക്കുകയാണ് നരേന്ദ്രമോദിയുടെ ഗ്യാരന്റി. പദയാത്രയുടെ ഭാഗമായി ഏകദേശം പതിനായിരത്തോളം വ്യക്തികളാണ് ബിജെപിയിൽ അംഗത്വമെടുത്തത്. തിരുവനന്തപുരത്ത് പദയാത്ര എത്തുമ്പോഴും നിരവധി പേർ പാർട്ടിയിൽ അംഗത്വമെടുക്കും.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രശ്നങ്ങളും ജീവിതവും അടുത്തറിയാനായാണ് പദയാത്ര അവരിലേക്കെത്തിയത്. സാമുദായിക നേതാക്കൾ, സാമൂഹ്യപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളവർ തുടങ്ങി വിവിധ മേഖലകളിലേക്ക് പദയാത്രയുമായി കെ. സുരേന്ദ്രനെത്തി. മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണാടിക്കൂട്ടിലിരുന്ന് സമൂഹത്തിലെ ഉന്നതരുമായാണ് സംസാരിച്ചതെങ്കിൽ കെ.സുരേന്ദ്രന്റെ പദയാത്ര പാർശ്വവത്ക്കരിക്കപ്പെട്ട സാധാരണക്കാരിലേക്കാണ് എത്തിയതെന്നും അവർ പറഞ്ഞു.















