തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയക്ക് സുസജ്ജമായി അനന്തപുരി. അമ്മമാരുടെ ഒരു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ ക്ഷേത്ര പരിസരത്ത് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആറ്റുകാൽ പൊങ്കാലക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു.
പൊങ്കാലയോടനുന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചരക്ക് വാഹനങ്ങളുൾപ്പെടെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. റോഡിന്റെ ഇരുവശങ്ങളിലെ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്‍ആർടിസി ബസുകൾ പ്രത്യേക സർവീസ് നടത്തും.
നാളെ 10.30-നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.















