തിരുവനന്തപുരം: കാരയ്‌ക്കാമണ്ഡപത്തിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് പ്രതി ചേർത്തത്. നയാസിനെയും അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ദീനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നയാസിന്റെ ആദ്യ ഭാര്യയെയും കേസിൽ പ്രതി ചേർത്തത്. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രസവവത്തിനെ തുടർന്ന് യുവതി മരിക്കുമ്പോൾ റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു.
അക്യുപങ്ചർ ചികിത്സകനായ വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ശിഹാബുദ്ദീനെ എറണാകുളത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
മനഃപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ പ്രസവമെടുത്തതാണ് യുവതിയുടെ മരണത്തിന് കാരണമായത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്.















