തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിലെ ഊരുമൂപ്പനെ വനപാലകർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. ഊരുമൂപ്പനെ മർദ്ദിച്ച വനപാലകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ പ്രതിഷേധിക്കുന്നത്. വനവാസി സംരക്ഷണ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വീരൻകുടിയിലെ ഊരുമൂപ്പനായ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചത്. ഇടമലയാർ റേഞ്ച് പെരുമുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മൂപ്പനെ സംഘം ചേർന്ന് മർദ്ദിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഊരുമൂപ്പനെ ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചു.
മലക്കപ്പാറയിലെ വനഭൂമിയിൽ ഇവർ കുടിലുകൾ കെട്ടി താമസിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വനപാലകർ ഊരുമൂപ്പനെയും വനവാസികളെയും മർദ്ദിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുടിലുകൾ പൊളിച്ചുമാറ്റുകയും വനവാസികളെ മർദ്ദിക്കുകയുമായിരുന്നു.















