കഴിഞ്ഞ വർഷം തെന്നിന്ത്യൻ സിനിമാ മേഖലയിൽ വൻവിജയമായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ജയിലർ. രജനീകാന്തിന്റെ അത്യുഗ്രൻ പ്രകടനങ്ങളിൽ പിറന്ന ചിത്രം തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റുകയായിരുന്നു. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവ രാജ്കുമാറും മോഹൻലാലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പുതിയ അപ്‌ഡേറ്റ് പുറത്തുവരികയാണ്. വൻവിജയമായിരുന്നു ജയിലറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇക്കാര്യം ശരിവെക്കുകയാണ് നടി മിർണാ മേനോൻ. താരം നായികയാകുന്ന ബെർത്ത്മാർക്ക് എന്ന സിനിമയുടെ പ്രമോഷൻ വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകൻ നെൽസൺ രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണെന്നും ജയിലർ 2 ന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടാകുമെന്നും മിർണ പറഞ്ഞു. പ്രീപ്രൊഡക്ഷൻ ജോലികളും ഉടൻ ആരംഭിക്കും. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടന്നാൽ നിർമ്മാതാക്കളിൽ നിന്ന് ഉടൻ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു.















