താപനില വർദ്ധിച്ചതോടെ സൺസ്‌ക്രീം പോലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കരിവാളിച്ചു പോകുമെന്ന ഭയത്താലും വെളുക്കാൻ വേണ്ടിയും ഇത്തരം ക്രീമുകളും ഫേസ്പാക്കുകളും ഉപയോഗിക്കുന്നവരുമുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് നാം കേട്ടിട്ടുണ്ടാകും എന്നാൽ വെളുക്കാൻ തേച്ചത് വൃക്ക കേടുവരുത്തി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ വെളുക്കാൻ തേച്ച ക്രീമുകൾ കാരണം രണ്ട് പേർക്ക് പണി കിട്ടിയിരിക്കുകയാണ്.
നവി മുംബൈയിലെ മെഡികോവർ ആശുപത്രിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24കാരിയുടെയും 56കാരന്റെയും വൃക്കയാണ് തകരാറിലായിരിക്കുന്നത്. അമിതമായ അളവിൽ മെർക്കുറി പോലുള്ള ലോഹ മൂലകങ്ങൾ അടങ്ങിയ ക്രീമുകൾ സ്ഥിരമായി ത്വക്കിൽ തേച്ചതോടെയാണ് വൃക്കകൾക്ക് പണി കിട്ടിയത്. മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവ്വ രോഗം ഇവരിൽ പിടിപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഉയർന്ന അളവിലുള്ള ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ശരീരത്തിൽ സ്ഥിരമായി തേച്ചതോടെ ഇവരുടെ വൃക്കയുടെ അരിപ്പ കേടുവന്നു. ഇങ്ങനെ വരുമ്പോൾ ശരീരത്തിനാവശ്യമായ പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് മെമ്പ്രനസ് നെഫ്രോപ്പതി. ശരീരത്തിൽ വീക്കം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകളാണ് രോഗത്തതിന് വഴിവച്ചതെന്ന് കണ്ടെത്തുകയായിരുന്നു.















