ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ പ്രശംസിച്ച് കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന വിജയധരണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വളരുകയാണെന്നും ഈ മുന്നേറ്റത്തിൽ ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിജയധരണി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പദയാത്രയിലൂടെ വൻമാറ്റമാണ് തമിഴ്‌നാട്ടിൽ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും വിജയധരണി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളെ മുൻധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. വനിതാ സംവരണ ബിൽ അതിന് ഉദാഹരണമാണ്. തമിഴ്‌നാട്ടിൽ അടക്കം വനിതാ നേതാക്കൾ മുൻധാരയിലേയ്‌ക്ക് ഉയർന്നുവരേണ്ടതുണ്ട്. ബിജെപിയോടൊപ്പം ചേര്ന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. സത്യസന്തതയോടെ സമൂഹത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. ബിജെപി പ്രവർത്തകയായി ഈ പ്രവർത്തനം തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിജയധരണി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടി തമിഴ്‌നാട്ടിൽ വളരുകയാണ്. അദ്ദേഹത്തിന്റെ പദയാത്ര തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വരും നാളുകളിൽ സംസ്ഥാനത്ത് കൂടുതൽ എംഎൽഎമാരെയും എംപിമാരെയും സൃഷ്ടിക്കാൻ ബിജെപിക്ക് സാധിക്കും. അതിനായുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രവർത്തിക്കും. വിജയധരണി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പാർട്ടി വിട്ട് വിളവങ്കോട് എംഎൽഎയായ വിജയധരണി ബിജെപിയിൽ ചേർന്നത്. തുടർച്ചയായി മൂന്ന് തവണ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് നിന്നും നിയമസഭയിൽ എത്തിയ നേതാവാണ് വിജയധരണി. തമിഴ്‌നാട് നിയമസഭയിലെ കോൺഗ്രസ് വിപ്പായിരുന്നു വിജയധരണി.















