ന്യൂഡൽഹി: സ്‌കൂൾ ബസുകളിലും പാസഞ്ചർ ബസുകളിലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന ആവശ്യവുമായി അന്താരാഷ്‌ട്ര റോഡ് ഫെഡറേഷൻ ( ഐ.ആർ.എഫ്). ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് ഐ.ആർ.എഫ് നൽകി. പാസഞ്ചർ ബസ് അപകടങ്ങളിൽപ്പെട്ട് നിരവധി യാത്രികരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ഐആർഎഫ് മുന്നോട്ട് വയ്‌ക്കുന്നത്.
സ്‌കൂൾ ബസുകൾ, ഹെവി വാഹനങ്ങൾ തുടങ്ങിയവയിൽ സീറ്റ് ബെൽറ്റ് കർശനമാക്കണമെന്ന് ഐആർഎഫ് കേന്ദ്രത്തിന് സമർപ്പിച്ച കത്തിൽ പറയുന്നു. മറ്റു രാജ്യങ്ങളിലുള്ള ഹെവി വാഹനങ്ങളിൽ ഇത്തരം സീറ്റ് ബെൽറ്റ്് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ അപകടം മൂലമുണ്ടാകുന്ന മരണം കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രനിയമപ്രകാരം ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് 2023 മുതൽ ജൂൺ മാസം മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും സഹായിയും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് കേന്ദ്രം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. പാസഞ്ചർ ബസ്, സ്‌കൂൾ ബസ് തുടങ്ങിയ ഹെവി വാഹനങ്ങളിലും ഇത്തരത്തിൽ സീറ്റ് ബെൽട്ട് നിർബന്ധമാക്കുകയാണെങ്കിൽ അപകടത്തിന്റെ നിരക്ക് കുറയുമെന്നാണ് ഐആർഎഫ് നൽകിയ കത്തിൽ പറയുന്നത്.















