തിരുവനന്തപുരം: ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ മരുമകൾ. ജയരാജന്റെ രണ്ടാമത്തെ മകന്റെ ഭാര്യ സംഗീതയാണ് ക്ഷേത്ര സന്നിധിയിൽ പൊങ്കാലയർപ്പിച്ചത്. ആഗ്രഹങ്ങളെല്ലാം ആറ്റുകാലമ്മ നിറവേറ്റാറുണ്ട്. അതുകൊണ്ടാണ് പറ്റുന്ന സമയങ്ങളില്ലെല്ലാം അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നത്. ഒരിക്കൽ പൊങ്കാല അർപ്പിക്കുന്നവർ വീണ്ടും വീണ്ടും എത്താറുണ്ട്. അവർക്കുണ്ടാകുന്ന അനുഭവങ്ങളാണ് അവരെ എത്തിക്കുന്നതെന്നും സംഗീത പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പമാണ് സംഗീത പൊങ്കാല അർപ്പിച്ചത്.
ഉച്ചയ്‌ക്ക് 2.30-ന് ഉച്ചപൂജയ്‌ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിച്ചു. 250-ലേറെ പൂജാരിമാരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊങ്കാല നിവേദിച്ചത്. ഈ സമയത്ത് ആകാശത്തുനിന്ന് വായുസേനയുടെ ചെറുവിമാനത്തിൽ പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീർന്നതോടെ ശ്രീകോവിലിൽനിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നു.
തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ മേൽശാന്തി തീകത്തിച്ച ശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറി. പിന്നാലെയാണ് പൊങ്കാല അടപ്പുകളിൽ തീപകർന്നത്.