കണ്ണൂർ: യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട കണ്ണൂർ സ്വദേശിനിയിൽ നിന്നും നിക്ഷേപമെന്ന വ്യാജേന രണ്ട് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.
കഴിഞ്ഞ ഏഴ് മാസത്തോളം ഇരുവരും സമൂഹമാദ്ധ്യമം വഴി പരിചയത്തിലായിരുന്നു. ഈ സൗഹൃദം മുതലെടുത്ത യുവാവ് യുവതിയിൽ നിന്നും രണ്ട് ലക്ഷം രൂപ തന്ത്രപരമായി വാങ്ങിച്ചെടുക്കുകയായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിൽ നിക്ഷേപിക്കാനെന്ന വ്യാജേനയാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്. പണത്തിന്റെ പലിശയും ഇയാൾ നൽകാമെന്ന് യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണം തട്ടിയതിന് ശേഷം യുവാവിന്റെ വിവരം ഒന്നും ലഭിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ വഴി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ വർദ്ധിച്ചു വരികയാണെന്നും ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു.















