പൂനെ: രാജ്യത്തെ 65 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. നിങ്ങൾ എനിക്കൊപ്പമെന്നും നിലനിന്നിട്ടുണ്ട്, വിശ്വാസമർപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാരാമതിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിക്ക് കീഴിലുള്ള എൻഡിഎ സർക്കാരിനെ മൂന്നാംതവണയും അധികാരത്തിലേറ്റാൻ ഞാൻ ഉൾപ്പെടെയുള്ള പ്രവർത്തകർ കഠിനാധ്വാനം ചെയ്യും. ലോക്‌സഭയിൽ 400-ലധികം സീറ്റുകൾ നേടുന്നതിന് എൻഡിഎ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും അജിത് പവാർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനും മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കറും അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻസിപിയായി അംഗീകരിച്ചിരുന്നു. പിളർപ്പിനു മുൻപ് 53 എംഎൽഎമാരായിരുന്നു എൻസിപിയ്‌ക്കുണ്ടായിരുന്നത്. 41 എംഎൽഎമാരാണ് അജിത് പവാറിനൊപ്പമുള്ളത്. ശിവസേനയിൽനിന്ന് പിളർന്നെത്തിയ എക്നാഥ് ഷിൻഡെ പക്ഷവും ബിജെപിയും ചേർന്ന് രൂപീകരിച്ച സർക്കാരിന്റെ ഭാഗമാണ് അജിത് പവാറിന്റെ എൻസിപി.