ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. തിളച്ച് പൊങ്ങുന്ന പൊങ്കാലക്ക് മുന്നിൽ ഭാര്യ രാധികയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രമാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇക്കുറിയും ശാസ്താകോട്ടയിലെ വീട്ടിലാണ് സുരേഷ് ഗോപിയുടെ കുടുംബം പൊങ്കാലയിട്ടത്.
വീട്ടുമുറ്റത്ത് ഭാര്യയും അമ്മയും പൊങ്കാലിയിടുമ്പോൾ സമീപത്ത് വന്നിരിക്കാൻ സാധിക്കുന്നത് ഒരു വരമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാവർഷവും തന്റെ കുടുംബം മുടങ്ങാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത വർഷത്തെ പൊങ്കാലയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്ന ദിവസം കൂടിയാണ് ഇന്നെന്നും ശബരിമലയിലേക്ക് വ്രതം നോൽക്കുന്നത് പോലെ അത്രയും ഒരുക്കങ്ങളെടുത്താണ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല ഇടുന്നതിന് അമ്മമാർ തയാറെടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചിപ്പി, ആനി, കൃഷ്ണപ്രഭ തുടങ്ങിയ നിരവധി താരങ്ങൾ ഇത്തവണയും ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ചു. വീട്ടമ്മമാരുടെ ഒരു വർഷത്തെ കാത്തിരിപ്പായിരുന്നു ഇന്ന് അവസാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിക്കാനെത്തി.















