എറണാകുളം: ഹെയർ ബാൻഡിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 14 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി. കുവൈത്തിൽ നിന്നും വന്ന ആന്ധ്രാപ്രദേശ് സ്വദേശി അഹമ്മദ് ബഷയാണ് ബാഗേജിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.ആറ് ഹെയർ ബാൻഡുകളുടെ രൂപത്തിലാക്കിയാണ് 229 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
ഇതിന് പുറമെ വിമാനത്തിന്റെ ശുചിമുറിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വർണവും കസ്റ്റംസ് പിടികൂടി. മാലിയിൽ നിന്നും കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നതായി ഡി.ആർ.ഐ ചെന്നൈ യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കസ്റ്റംസ് വിമാനത്തിൽ പരിശോധന നടത്തിയത്. 10 കഷ്ണങ്ങളാക്കിയാണ് 582 ഗ്രാം ശുചിമുറിയിൽ ഒളിപ്പിച്ചത്. സ്വർണം ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.















