തൃശൂർ: സർക്കാരിനെതിരെ വിമർശനമുനയുള്ള ആശംസയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. മുഖാമുഖം പരിപാടിക്കിടയായിരുന്നു പരാമർശം. മുഖ്യമന്ത്രിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം മനസിലാക്കുന്നുണ്ടെന്നും അവയെ തിരുത്തി മുന്നോട്ട് പോവുകയാണ് കർമയോഗിയുടെ ചുമതല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കേരള സർക്കാരിന് മേൽ ധാരാളം ആരോപണങ്ങളുണ്ട്. നമ്മുടെ മുഖ്യമന്ത്രി ധാരാളം പ്രവൃത്തികൾ ചെയ്യുന്നുണ്ട്. തെറ്റുപറ്റിയിരിക്കാം. തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ തെറ്റുകൾ തിരുത്തി ധീരമായി മുന്നോട്ടുപോകുകയെന്നതാണ് ഒരു കർമയോഗിയുടെ ചുമതല. കേരളം ഒപ്പമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ടി. പത്മനാഭന്റെ പരാമർശങ്ങളോട് മൗനം മാത്രമായിരുന്നു പിണറായി വിജയന്റെ മറുപടി.
മാദ്ധ്യമങ്ങളോട് കലിപൂണ്ട മുഖ്യമന്ത്രി തൃശൂരിലെ മുഖാമുഖം പരിപാടിയിലും അത് തുടർന്നു. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചെങ്കിലും സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം ആരംഭിക്കുന്നതിന് മുൻപായി മാദ്ധ്യമങ്ങളെ പുറത്താക്കുകയായിരുന്നു.















