ഗാംഗ്ടോക്ക്: കണക്ടിവിറ്റി വിപ്ലവത്തിനൊരുങ്ങി റെയിൽവേ സൗകര്യമില്ലാതിരുന്ന ഏക ഇന്ത്യൻ സംസ്ഥാനമായിരുന്ന സിക്കിം. സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.
വിനോദ സഞ്ചാരത്തിനും പ്രതിരോധത്തിനും മഹത്തായ സംഭാവനകൾ നൽകാൻ സഹായിക്കുന്ന റെയിൽവേ സ്റ്റേഷനാകും റംഗ്‌പോ സ്റ്റേഷൻ എന്ന് അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ മാനേജർ അമർജീത് അഗർവാൾ പറഞ്ഞു. റെയിൽവേ ലൈൻ ഇല്ലാതിരുന്ന സിക്കിമിന് മൂന്ന് ഘട്ടത്തിലൂടെ വിപുലമായ റെയിൽ സംവിധാനം ലഭ്യമാകാൻ പോകുന്നതിൽ സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. ആദ്യഘട്ടത്തിൽ സെവോകെ-റംഗ്‌പോ റെയിൽ പദ്ധതിയും രണ്ടാം ഘട്ടത്തിൽ റാംഗ്‌പോ മുതൽ ഗാംഗ്ടോക്ക് വരെയും മൂന്നാം ഘട്ടത്തിൽ ഗാംഗ്‌ടോക്ക് മുതൽ നാഥുല വരെയും യാഥാർത്ഥ്യമാക്കും. 2009 ഒക്ടോബറിൽ ആരംഭിച്ച സിവോക്-റംഗ്‌പോ റെയിൽവേ പദ്ധതിയുടെ ഭാഗമായാണ് സിക്കിം റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നത്. പശ്ചിമ ബംഗാളിലെ സിവോക്ക് മുതൽ സിക്കിമിലെ റംഗ്‌പോ വരെ ഏകദേശം 45 കിലോമീറ്റർ നീളുന്നതാണ് നിർദ്ദിഷ്ട റെയിൽ ലൈൻ.
ആകെ അഞ്ച് സ്റ്റേഷനുകളാണ് ഈ ലൈനിൽ ഉണ്ടാകുക. സിവോക്ക്, റിയാംഗ്, മെല്ലി, രംഗ്പോ എന്നിവിടങ്ങളിൽ ഓപ്പൺ ക്രോസിംഗ് സ്റ്റേഷനുകളും ഉണ്ടാകും. ഇതിന് പുറമേ ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ഹാൾട്ട് സ്റ്റേഷനാകാനൊരുങ്ങുന്ന ടീസ്റ്റ ബസാർ സ്റ്റേഷനും ഈ ലൈനിന്റെ ഭാഗമാണ്. സിക്കിമിനെ പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്നതിലും ഈ ലൈൻ സുപ്രധാന പങ്ക് വഹിക്കുന്നു.















