തിരുവനന്തപുരം: വർക്കലയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം.അയിരൂർ മുത്താനാ അമ്പലത്തുംവിള വീട്ടിൽ ലീലയെയാണ് ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അശോകന് ഒരു വർഷം മുമ്പ് സ്‌ട്രോക്ക് വന്ന ശരീരം തളർന്നിരുന്നു. ഇതോടെ ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനാൽ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. അവശനിലയിലായ തന്നെ ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന പേടിയും സംശയവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് അശോകൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സംഭവ സമയം ലീലയുടെ മകളും ചെറുമകളും വീട്ടിലുണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചിൽ കേട്ടെത്തുമ്പോൾ കാണുന്നത് മണ്ണെണ്ണയും ആയി നിൽക്കുന്ന പിതാവിനെയായിരുന്നുവെന്ന് മകൾ പറയുന്നു. മരണവെപ്രാളത്തിൽ അമ്മ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്ത് വീഴുകയും ചെയ്തതായി മകൾ പറഞ്ഞു.തുടർന്ന് മകളാണ് തീ കെടുത്തിയത്. പിന്നാലെ ബഹളം കേട്ട് പ്രദേശവാസികളും എത്തി. അശോകൻ പോലീസ് കസ്റ്റഡിയിലാണ്.