മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി ക്ഷോഭിച്ച സംഭവത്തിൽ പരിഹാസരൂപേണയുള്ള കുറിപ്പുമായി നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ഒരു ജനാധിപത്യരാജ്യത്തിലെ രാജ സഭകളിൽ വന്നിരുന്ന് രാജാവിനെ വിമർശിക്കാൻ പാടുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.
‘പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ….രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്…കഷ്ടം..പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയിഅവൻ പാടാൻ മറന്നു പോയി.’- ഹരീഷ് പേരടി കുറിച്ചു.
കലാ- സാംസ്‌കാരിക പ്രവർത്തകരുമായുളള മുഖാമുഖത്തിനിടയിലായിരുന്നു ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി പരസ്യമായി ദേഷ്യപ്പെട്ടത്. അഭിപ്രായം പറയാൻ അവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ച് ചോദിച്ചത്. ‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ ഇത് ഓടുന്നില്ല. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ, ചുരുങ്ങിയത് കൽക്കട്ട സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയെങ്കിലും അതിനെ വളർത്താൻ നമുക്ക് ആകില്ലേ, അത്തരത്തിൽ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നായിരുന്നു ഷിബു ചക്രവർത്തി പറഞ്ഞത്.