കൊല്ലം: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. കേന്ദ്ര സർക്കാർ ഒരു പദ്ധതി ഏറ്റെടുത്താൽ അത് പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി പദ്ധതിയെപ്പറ്റി വിലയിരുത്തുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. 41000 കോടി രൂപയുടെ റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം കുണ്ടറ പള്ളിമുക്ക് മേൽപ്പാല നിർമ്മാണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എൻ.കെ പ്രേമചന്ദ്രൻ എംപി.
“ഒരുകാര്യം എനിക്കുറപ്പുണ്ട്, കേന്ദ്ര സർക്കാരോ റെയിൽവേയോ ഒരു പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ, അത് ഉദ്ഘാടനത്തിന്റെ പട്ടികയിലേയ്‌ക്ക് ഉൾപ്പെടുത്തി കഴിഞ്ഞാൽ എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി മോണിറ്റർ ചെയ്യും. കൃത്യമായും അത് വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് സ്വാഭാവികമായും ഈ പദ്ധതി തീർച്ചയായും നടക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല”.
“ഞാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാരംഭ ഘട്ടത്തിൽ ഇതിന്റെ ഉദ്ഘാടനം ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തും എന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. സാങ്കേതിക തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ട് പരിഹരിക്കും. പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അനുഗ്രഹീതമാണ്”- എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.















