പാലക്കാട്: മണ്ണാർക്കാട് നഗരത്തിലെ എടിഎം കൗണ്ടറിൽ മോഷണശ്രമം. ആശുപത്രിപ്പടി ജംഗ്ഷനിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയുടെ കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എന്നാൽ പണമോ മറ്റ് വസ്തുക്കളോ നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ 3.45-നായിരുന്നു സംഭവം. കൗണ്ടറിലെ മെഷീന് സമീപമുള്ള കേബിളുകൾ വലിച്ച് മാറ്റിയ നിലയിൽ കണ്ടെത്തി. കവർച്ച നടത്താൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. ഷർട്ടും മുണ്ടും ധരിച്ചെത്തിയ മദ്ധ്യവയസ്‌കന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാർ കൗണ്ടർ പരിശോധിച്ചതോടെയാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. സംഭവത്തിന് പിന്നാലെ ശാഖാ മാനേജർ പോലീസിൽ പരാതി നൽകുകയായിരുന്നു.