തൃശൂർ: കേരളത്തിന്റെ സാംസ്കാരിക മേഖലയുടെ അവസ്ഥ ജീർണിച്ചതാണെന്ന് കുമ്മനം രാജശേഖരൻ. സാംസ്കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വച്ച് വേട്ടയാടുന്ന അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ ഇരു മുന്നണികളും സംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്ന അവസ്ഥയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയോടനുബന്ധിച്ച് തൃശൂരിൽ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
‘കേരളത്തിന്റെ സാംസ്കാരിക മേഖലയുടെ ജീർണിച്ച അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. മുഖാ മുഖത്തിൽ ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി കയർത്തത് നാം കണ്ടു. കേരളത്തിലെ മൺ മറഞ്ഞു പോയ സാംസ്കാരിക നായകരുടെ സ്മാരകങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. സുഗതകുമാരി ജനിച്ച് വളർന്ന വീട് സർക്കാർ പൂട്ടിയിട്ടിരിക്കുകയാണ്.
സാംസ്‌കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വെച്ച് വേട്ടയാടുന്ന അവസ്ഥയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ നമ്മുടെ നാടിനു വേണ്ടി എത്രപേർ ത്യാഗം സഹിച്ചിട്ടുണ്ട്. മന്നത്ത് പത്മനാഭനെ അവഹേളിച്ച സിപിഎമ്മിനും ദേശാഭിമാനിക്കും അദ്ദേഹത്തെക്കുറിച്ച് എന്താണ് അറിയാവുന്നത്.
കേരളത്തിലെ ഇരു മുന്നണികളും സംസ്കാരിക പൈതൃകത്തെ പിച്ചിചീന്തുകയാണ്. നമ്മുടെ നാടിനെ സിപിഎമ്മും കോൺഗ്രസും പിന്നോട്ടടിക്കുന്നു. ഇരുവരും ഭരിക്കുന്നത് അഴിമതിക്കായാണ്. നമ്മുടെ നാട് ബഹുസ്വരതയുടെ നാടാണ്, അതിന്റെ പൈതൃകമാണ് എൻ ഡി എ ഉയർത്തിപ്പിടിക്കുന്നത്. കേരളത്തെ കോടിക്കണക്കിന് കടക്കെണിയിൽപെടുത്തി ഈ ദുരിതം ഉണ്ടാക്കിയത് കോൺഗ്രസും കമ്യൂണിസ്റ്റുകാരും ചേർന്നാണ്. അതിന്, ഈ തിരഞ്ഞെടുപ്പിൽ നിർണായകമായൊരു വിധിയെഴുത്ത് നടക്കണം. എല്ലാ രംഗങ്ങളിലും പരിവർത്തനം ഉണ്ടാകാൻ എൻ ഡി എ വരണം. മോദി സർക്കാരിന് മാത്രമേ അതിന് കഴിയുകയുള്ളു.’- കുമ്മനം രാജശേഖരൻ പറഞ്ഞു.















