തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും. ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിക്രം സാരാഭായ് സ്പേസ് സെന്റർ സന്ദർശിച്ച ശേഷം ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നവരുടെ പേരുകൾ പ്രഖ്യാപിക്കും. ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാന പൈലറ്റുമാരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് വിവരം.
സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ളവരാണ് ദൗത്യത്തിലുള്ളത്. ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. നാല് പേരിലൊരാൾ മലയാളിയാണെന്നാണ് റിപ്പോർട്ട്. 2025-ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാണ് ബഹിരാകാശ യാത്രികരെ തീരുമാനിക്കുന്നത്.
തിരഞ്ഞെടുക്കുന്ന സഞ്ചാരികൾക്ക് റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിലും ബെംഗളൂരുവിലെ അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റിയിലും പരിശീലനം നൽകും. വ്യോമസേനയിലെ 12-ഓളം പൈലറ്റുമാരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലനങ്ങൾക്ക് ശേഷമാണ് നാല് പേരെ തിരഞ്ഞെടുത്തത്.















