ഭോപ്പാൽ: ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയനിയിൽ സ്ഥാപിച്ചു. ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കുന്ന ക്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. നഗരത്തിലെ ജന്ദർമന്ദറിൽ പണികഴിപ്പിച്ച 85 അടി ഉയരമുള്ള ടവറിലാണ് വേദ ഘടികാരം സ്ഥാപിച്ചത്. 2022 നാണ് നിർമാണം ആരംഭിച്ചത്.
ഗ്രഹ സ്ഥാനങ്ങൾ, വൈദിക ഹിന്ദു പഞ്ചാംഗം, തുടങ്ങിയവയെല്ലാം ഘടികാരത്തിന്റെ സവിശേഷതകളാണ്. ഇതിന് പുറമേ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും ഗ്രീൻവിച്ച് സമയവും പ്രദർശിപ്പിക്കും. ഉദയം മുതൽ ഉദയം വരെയുള്ള സമയം അടിസ്ഥാനമാക്കിയാണ് വേദ ഘടികാരം പ്രവർത്തിക്കുന്നതെന്ന് വേദിക്ക് ക്ലോക്ക് ഡവലപ്പ്‌മെന്റ് ടീം പ്രതിനിധി ശിശിർ ഗുപ്ത ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. രണ്ട് സൂര്യോദയങ്ങൾക്കിടയിലുള്ള സമയം ഐഎസ്ഡി അനുസരിച്ച് ഒരു മണിക്കൂർ 48 മിനിട്ട് അടയാളപ്പെടുത്തുന്ന 30 ഭാഗങ്ങളാക്കി വിഭജിച്ചിട്ടുണ്ട്.
ലോകത്തിലെ സ്റ്റാൻഡേർഡ് സമയം മൂന്ന് നൂറ്റാണ്ട് മുൻപ് നിശ്ചയിച്ചിരുന്നത് ഉജ്ജയിനിയിൽ നിന്നാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.















