മൃഗസംരക്ഷണം ഉറപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ‘വന്താര’ എന്ന പരിപാടിയാണ് റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട, ഭീഷണിപ്പെടുത്തുന്ന മൃഗങ്ങളെ രക്ഷിക്കാനും ചികിത്സിക്കാനും പരിപാലിക്കാനും അവയെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന സംരംഭമാണ് വന്താര. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് ഡയറക്ടറായ അനന്ത് അംബാനിയാണ് ഈ സംരഭം ആവിഷ്കരിച്ചത്.
ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ മൂവായിരം ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് വന്താര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആഗോളതലത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകാൻ സംരംഭത്തിന് സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വന്താരയ്‌ക്ക് രക്ഷിക്കാനായി. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല തുടങ്ങിയവയുടെ പുനരധിവാസത്തിന് വന്താര മുൻകൈയെടുത്തു.
മനുഷ്യത്വപരവും ദൈവീകവുമായ സേവയാണ് മൃഗസംരക്ഷണമെന്ന് അനന്ത് അംബാനി പറഞ്ഞു. അമ്മയിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിൽ മൃഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 200 ആനകളെയാണ് സംരക്ഷിക്കുന്നത്. സുവോളജിക്കൽ പാർക്കല്ല വന്താരയെന്നും മറിച്ച് സേവാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക സാങ്കേതികവിദ്യയിൽ സജ്ജമാക്കിയ മൃഗാശുപത്രിയും ഇവിടെയുണ്ട്. എംആർഐ, സിടി സ്കാൻ മെഷീനുകൾ, എൻഡോസ്കോപ്പിക് റോബോട്ടിക് സർജറി മെഷീനുകൾ, ആറ് ശസ്ത്രക്രിയാ കേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.