ലക്നൗ: സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവും സംഭാൽ എംപിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് അന്തരിച്ചു. 94 വയസായിരുന്നു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്തരിച്ചത്. അഞ്ച് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ എംപിയായിരുന്നു ബർഖ്.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ 21-നായിരുന്നു എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തി ബർഖിനെ സന്ദർശിച്ചത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബർഖ്. വൃക്കയ്‌ക്ക് സംഭവിച്ച അണുബാധ മൂലമാണ് മരണമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. യുപിയിലെ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എംപി, ബർഖിന്റെ മണ്ഡലമായ സംഭാലിലേക്കും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
പലപ്പോഴായി നടത്തിയ പ്രസ്താവനകളിലൂടെ നിരവധി തവണ വിവാദത്തിലായ നേതാവ് കൂടിയാണ് ബർഖ്. യുപിയിലെ ഗുണ്ടാനേതാവായിരുന്ന ആതിഖ് അഹമ്മദിനെ പിന്തുണച്ചിട്ടുള്ള ബർഖ്, ആതിഖിനും സഹോദരൻ അഷ്റഫിനും നീതി ലഭിച്ചില്ലെന്ന് വ്യസനപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ബിജെപി തടസം നിൽക്കുകയാണെന്നും ഇതിനായി ‘പൊളിറ്റിക്കൽ കൊറോണ’ സൃഷ്ടിച്ചുവെന്നുമുള്ള വിവാദ പ്രസ്താവനയും ബർഖ് നടത്തിയിട്ടുണ്ട്.