അഗർത്തല: ത്രിപുരയിൽ നിന്നും അയോദ്ധ്യാ രാമക്ഷേത്രത്തിലേക്കുള്ള ആദ്യ ആസ്ത ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും നിരവധി തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത്. ബിജെപി ത്രിപുര അദ്ധ്യക്ഷൻ റജിബ് ഭട്ടാചാര്യയും ഭക്തരെ യാത്ര അയക്കുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 200-ലധികം ആസ്ത ട്രെയിനുകളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. ഓരോ ആസ്ത ട്രെയിനിലും 20 സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുന്നു. ഒരു ട്രെയിനിൽ ഏകദേശം 1,400 പേർക്ക് യാത്ര ചെയ്യാം. കൂടാതെ യാത്രക്കാർക്ക് വേണ്ടി നിരവധി സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് രാമക്ഷേത്രത്തിലെത്തുന്നത്.
ഡിസംബർ അവസാനത്തോടെയാണ് ആസ്ത സ്പെഷ്യലുകൾക്കുള്ള നയം റെയിൽവേ
പുറത്തിറക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘സാമൂഹിക-സാംസ്‌കാരിക’ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ആസ്ത ട്രെയിനുകൾ സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാർ നമ്പർ, വിലാസം, കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. കൂടാതെ യാത്രക്കാർക്കായി സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള ഓൺബോർഡ് സേവനങ്ങളും ആസ്തയിൽ ഒരുക്കിയിട്ടുണ്ട്.















