ഡൽഹി: ഖലിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചാബിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്. രണ്ട് സംസ്ഥാനങ്ങളിലുമായി 16 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി ആറ് പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. പഞ്ചാബിലെ 14 ഇടങ്ങളിലും രാജസ്ഥാനിലെ 2 ഇടങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
ഖലിസ്ഥാൻ തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ബന്ധം തകർക്കുക എന്നതാണ് അന്വേഷണ ഏജൻസിയുടെയും ലക്ഷ്യം. സംസ്ഥാന പോലീസ് സേനകളുമായി ചേർന്നാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഖലിസ്ഥാനി അനുയായികളുമായും ക്രിമിനൽ സംഘവുമായും ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ താമസസ്ഥലങ്ങളിലും മറ്റിടങ്ങളിലുമാണ് പരിശോധന.
റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആറ് പേര് എൻഐഎ കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ തീവ്രവാദ ബന്ധങ്ങൾ പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യുന്ന ആറുപേരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപ്പോയ ചില ഖലിസ്ഥാൻ ഭീകരരുമായി സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലൂടെയും മറ്റും ആശയവിനിമയങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.















