ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ സഞ്ചാരികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം വികം സാരഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് അഭിമാന ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് ബഹിരാകാശ സഞ്ചാരികൾ.
ബഹിരാകാശ സഞ്ചാരികളായി നിയോഗിക്കപ്പെട്ടവർ ഇന്ത്യയുടെ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തോടുള്ള അവരുടെ അർപ്പണബോധത്തെയും മനോഭാവത്തെയും പ്രശംസിച്ച അദ്ദേഹം, അവർ ഒരിക്കലും തളരാത്ത ഇന്ത്യയുടെ അമൃത് തലമുറയുടെ പ്രതിനിധികളാണെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്നും ചൂണ്ടിക്കാട്ടി.
ബഹിരാകാശയാത്രികരെ കുറിച്ച് നമ്മൾ അറിയേണ്ടതെല്ലാം …
ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

1976 ആഗസ്റ്റ് 26ന് പാലക്കാട് നെന്മാറ തിരുവഴിയാട് ജനിച്ച പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമായി അദ്ദേഹം എത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യയിൽ ഗഗൻയാൻ ദൗത്യത്തിനായി പരിശീലനം നടത്തി വരികയായിരുന്നു. നിലവിൽ അദ്ദേഹം ഐഎസ്ആർഒയുടെ യൂണിറ്റിൽ പരിശീലനം നേടുകയാണ്. സുഖോയ് യുദ്ധവിമാനത്തിലെ ഫൈറ്റർ പൈലറ്റായ അദ്ദേഹം എയർഫോഴ്സ് അക്കാദമിയിൽ വാൾ ഓഫ് ഓണർ നേടിയിട്ടുണ്ട്. 1998 ഡിസംബർ 19-ന് അദ്ദേഹം വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഏകദേശം 3000 മണിക്കൂർ വിമാനം പറത്തിയിട്ടുള്ള അദ്ദേഹം ക്യാറ്റഗറി എ ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-29, Hawk, Dornier, An-32, തുടങ്ങി വൈവിധ്യമാർന്ന വിമാനങ്ങൾ നിയന്ത്രിച്ച പ്രശാന്ത് പ്രീമിയർ ഫൈറ്റർ Su-30 Sqn കമാൻഡ് ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ

1982 ഏപ്രിൽ 19 ന് ചെന്നൈയിലാണ് ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ജനിച്ചത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം എയർഫോഴ്സ് അക്കാദമിയിൽ രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡലും വാൾ ഓഫ് ഓണറും നേടിയിട്ടുണ്ട്. 2003 ജൂൺ 21 ന് അദ്ദേഹം വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഏകദേശം 2900 മണിക്കൂർ പറക്കൽ പരിചയമുള്ള അദ്ദേഹം ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-21, Mig-29, Jaguar, Dornier, An-32 തുടങ്ങി വിവിധ വിമാനങ്ങൾ പറത്തിയിട്ടുണ്ട്. വെല്ലിംഗ്ടണിലെ DSSC യുടെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം.
ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്

യുപിയിലെ പ്രയാഗ്രാജിൽ ജനിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 2004 ഡിസംബർ 18-ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഏകദേശം 2000 മണിക്കൂർ പറക്കൽ പരിചയമുള്ള 41-കാരൻ ഫ്‌ളയിംഗ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി വിവിധതരം വിമാനങ്ങൾ അദ്ദേഹം പറത്തിയിട്ടുണ്ട്.
വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല

യുപി സ്വദേശിയും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്. ഏകദേശം 2000 മണിക്കൂർ വിമാനം പറത്തിയ അദ്ദേഹം ഫൈറ്റർ കോംബാറ്റ് ലീഡറും ഒരു ടെസ്റ്റ് പൈലറ്റുമാണ്. 2006 ജൂൺ 17നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി വിവിധയിനം വിമാനങ്ങൾ 38 കാരനായ അദ്ദേഹം പറത്തിയിട്ടുണ്ട്.















