ചെന്നൈ: തമിഴ് ഭാഷയും സംസ്‌കാരവും വളരെ സവിശേഷമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1991-ൽ താൻ ഏകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണെന്നും അതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്താനാണ് ഡിംഎംകെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുന്‍ വര്‍ഷത്തേക്കാളേറെ തുക കേന്ദ്രം തമിഴ്നാടിന് നല്‍കി. കേന്ദ്രം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും വേണ്ടിയാകും. നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്താന്‍ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയിട്ടില്ലെങ്കിലും തമിഴ്നാട് എന്നും ബി ജെ പിയുടെ ഹൃദയത്തിലുണ്ടായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം തമിഴ് ഭാഷയും സംസ്‌കാരവും വളരെ സവിശേഷമുള്ളതാണ്. യുഎന്നിൽ ഞാൻ വായിച്ച തമിഴ് കവിത ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്റെ മണ്ഡലമായ വാരണാസിയിൽ ഞാൻ കാശി തമിഴ് സംഗമം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും മഹത്തായ പാരമ്പര്യത്തെ മാനിച്ചാണ് പാർലമെൻ്റിലെ ഏറ്റവും ഉയർന്ന പീഠത്തിൽ ‘ചെങ്കോൽ’ സ്ഥാപിച്ചത്. ഇതിനുശേഷമാണ് തമിഴ്‌നാടിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു പുതിയ ജിജ്ഞാസ രാജ്യത്തുള്ള എല്ലാവർക്കും തോന്നിയത്. തമിഴ്‌നാടിന്റെ മണ്ണ് എനിക്ക് അളവറ്റ സ്നേഹമാണ് നൽകിയത്.
ഏകദേശം 32 വർഷം മുമ്പ് 1991-ൽ ഞാൻ ഏകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണ്. രണ്ട് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായാണ് ആ യാത്ര ആരംഭിച്ചത്. ഒന്ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുക എന്നതും രണ്ടാമത്തേത് ആർട്ടിക്കിൾ 370 റദ്ദാക്കുക എന്നതുമായിരുന്നു. ഈ രണ്ട് ജോലികളും ഇപ്പോൾ വിജയകരമായി പൂർത്തിയായി. ഇപ്പോൾ, ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്ര തമിഴ്‌നാടിനെ ഒരു പുതിയ പാതയിലേക്ക് കൊണ്ടുപോകുകയാണ്.’- പ്രധാനമന്ത്രി പറഞ്ഞു.















