ഏറെ കാലയമായി ഉയർന്നു കേൾക്കുന്ന ഒരു സെലിബ്രറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും തമ്മിലുള്ള പ്രണയം. ഇരുവരുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ നടക്കുമെന്ന തരത്തിലും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് പ്രതികരിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും ആരാധകരുടെ ഗോസിപ്പുകൾ അവസാനിച്ചിട്ടില്ല. പൊതുവെ രശ്മികയും വിജയിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുമായി സംസാരിക്കാനായി ഇരുവരും സമയം കണ്ടെത്താറുമുണ്ട്. തന്റെ ഭാവി ഭർത്താവിനുണ്ടാകേണ്ട ഗുണങ്ങൾ സംബന്ധിച്ച് ഒരു ഫാൻ ക്ലബിന്റെ പോസ്റ്റിൽ രശ്മിക രേഖപ്പെടുത്തിയ അഭിപ്രായമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഭർത്താവ് ‘വിഡി’യെ പോലെയായിരിക്കണമെന്നാണ് രശ്മികയുടെ കമന്റ്. ഇത് രശ്മികയുടെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. കാരണം വിജയ് ദേവരക്കൊണ്ടയെ ആരാധകർ വിഡി എന്നാണ് വിളിക്കാറ്.
പോസ്റ്റിനോടുള്ള രശ്മികയുടെ പ്രതികരണം വിജയ് ദേവരകൊണ്ടയുമായുള്ള റൂമറുകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. 2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് രശ്മികയും വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരാധകർക്കിടയിൽ ആരംഭിച്ചത്.















