തിരുവനന്തപുരം: ഭാരതമേറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും കാത്തിരിക്കുന്ന ദൗത്യമാണ് ഗഗൻയാൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിൽ ചരിത്രമെഴുതാൻ തയ്യാറെടുക്കുന്ന യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി ഇന്നലെയാണ് പുറത്തുവിട്ടത്. 2025-ന്റെ രണ്ടാം പകുതിയോടെയാകും ദൗത്യമെന്നാണ് വിവരം.
ദൗത്യത്തിന് ഇത്രയേറെ സമയം നിലനിൽക്കേ ഗഗൻയാൻ യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് കൃത്യവും വ്യക്തവുമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രോ മേധാവി എസ്. സേമനാഥ്.
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ. ഇവരിൽ മൂന്ന് പേർക്ക് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നൽകുമെന്നും ഒരാളെ ദൗത്യത്തിന് മുൻപ് തന്നെ അവരുടെ ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് കൊണ്ടുപോകുമെന്നും എസ്. സേമനാഥ് പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി കൂടുതൽ പരിശീലനം ലഭിക്കാനും ഡിസൈൻ കൃത്യമാക്കാനുമാണ് നാസയുടെ സഹകരണത്തോടെയുള്ള ബഹിരാകാശ യാത്ര.
സംഘത്തിൽ ഒരാൾ നാസയ്‌ക്കൊപ്പം ബഹിരാകാശ യാത്ര നടത്തുമ്പോൾ ഗഗൻയാന് വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തവരുടെ പേരുകൾ രഹസ്യമാക്കി വയ്‌ക്കാൻ കഴിയില്ല. അതിനാലാണ് ദൗത്യത്തിന് ഒരു വർഷം മുൻപ് തന്നെ യാത്രകിരുടെ വിവരങ്ങൾ പ്രധാനമന്ത്രി നേരിട്ട് വെളിപ്പെടുത്തിയതെന്നും സോമനാഥ് പറഞ്ഞു.
ദൗത്യത്തിന് മുന്നോടിയായി വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിക്കുന്ന ജി1 ദൗത്യം ജൂലൈയിൽ നടക്കും. ആളില്ലാ ക്രൂ മെഡ്യൂൾ വിക്ഷേപിക്കുന്ന ജി2 ദൗത്യം ഈ വർഷം അവസാനവും ജി3 അടുത്ത വർഷം പകുതിയോടെയും വിക്ഷേപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാകും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന എച്ച്1 ദൗത്യം നടക്കുക.
ക്രൂ മെഡ്യൂളിൽ മൂന്ന് പേർക്ക് കയറാൻ ശേഷിയുണ്ടെങ്കിലും ആദ്യത്തെ ദൗത്യമായതിനാൽ ഒരാളെ മാത്രം തിരഞ്ഞെടുക്കും. ഭ്രമണപഥത്തിൽ ഒരു ദിവസം സഞ്ചരിച്ച് ഭൂമിയിൽ തിരകികെ എത്തിക്കും. ഡിസൈൻ പ്രകാരം മൂന്ന് ദിവസം വരെ ഭ്രമണപഥത്തിൽ തുടരാൻ കഴിയുമെങ്കിലും ആദ്യ തവണ ഇത്ര സമയമെടുക്കില്ലെന്നും ഇസ്രോ മേധാവി വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും സുരക്ഷിതമായി തിരികെ കൊണ്ടുവരാനും കഴിയുമെന്ന് തെളിക്കുക മാത്രമാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്നും എസ്. സോമനാഥ് അറിയിച്ചു.















