നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ത്യൻ നേവിയുടെയും ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം. പാകിസ്താനിൽ നിന്ന് ഗുജറാത്ത് തുറമുഖം വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ആഗോള വിപണയിൽ 2000 കോടിയിലേറെ രൂപ വിലമതിപ്പുള്ള ലഹരിമരുന്നുകളാണ് പിടികൂടിയത്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.
3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ സ്വദേശികളെന്ന് സംശയിക്കുന്ന അഞ്ച് ജീവനക്കാരുടെ ബോട്ടിലാണ് ഇവ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചത്. സമുദ്രനിരീക്ഷണം നടത്തുന്ന വിമാനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നേവിയുടെ കപ്പലാണ് ഇന്ത്യൻ സമുദ്രാർത്തി കടന്നെത്തിയ ബോട്ടിനെ തടഞ്ഞുവച്ച് പിടികൂടിയത്.
ബോട്ട് പരിശോധിച്ചപ്പോൾ, വൻതോതിലുള്ള മയക്കുമരുന്ന് അധികൃതർ കണ്ടെത്തി, തുടർന്ന് അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തു.ബോട്ടും മയക്കുമരുന്നും പിടിച്ചെടുത്തു. സംശയിക്കുന്ന പാകിസ്താൻ ക്രൂ അംഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണം തുടരുകയാണ്.