തൂത്തുക്കുടി: തമിഴ്നാടിന്റെ വികസനം തടഞ്ഞ മുൻ യുപിഎ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൂത്തുക്കുടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിനെക്കുറിച്ച് വാതോരാതെ സംസാരിച്ച യുപിഎ സർക്കാരിന് സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല. സത്യം കയ്പേറിയതാണ്. പക്ഷെ, അത് പറയേണ്ടത് അത്യാവശ്യവുമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ന് തമിഴ്നാട്ടിൽ തറക്കല്ലിട്ട വികസന പദ്ധതികൾ ദശാബ്ദങ്ങളായി തമിഴ് ജനത ആവശ്യപ്പെടുന്നവയാണ്. യുപിഎ സർക്കാർ ഒരിക്കലും തമിഴ്നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. ഇന്ന് ഈ രാജ്യത്തിന്റെ സേവകൻ, ഈ മണ്ണിലെത്തിയത് തമിഴ്നാടിന്റെ വിധിയെ മാറ്റിയെഴുതാനാണ്. – പ്രധാനമന്ത്രി പറഞ്ഞു.
തൂത്തുക്കുടിയിലെത്തിയ പ്രധാനമന്ത്രി 15 വിവിധ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. 17,300 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.