ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് പ്രിയങ്കരനായ താരമാണ് അർജ്ജുൻ ദാസ്. ഇതിനോടകം നിരവധി ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച താരം മലയാളത്തിലേക്കും ചുവടുവയ്‌ക്കാനൊരുങ്ങുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. കാളിദാസ് ജയറാമിനൊപ്പം അഭിനയിക്കുന്ന ‘പോർ’ ആണ് അർജ്ജുന്റെ പുതിയ ചിത്രം.
മാർച്ച് 1 ന് പോർ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ താരത്തോട് കൈതി 2 വിൽ ഉണ്ടാകുമോ എന്നൊരു ചോദ്യം ഉയർന്നു. ഇതിന് അർജ്ജുൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഞാൻ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൈതി 2വിൽ ഞാനും ഉണ്ടാകും എന്നായിരുന്നു അർജ്ജുൻ ദാസിന്റെ മറുപടി. ലോകേഷ് ഈ വർഷം തലൈവർക്കൊപ്പമുള്ള ചിത്രമായിരിക്കും ചെയ്യുക. ആ ചിത്രത്തിന് ശേഷമായിരിക്കും കൈതി 2 ന്റെ പണിപ്പുരയിലേക്ക് ലോകേഷ് കടക്കുക. ഒന്നാം ഭാഗം പോലെ തന്നെ കൈതി 2 വും ഒരു പക്കാ ആക്ഷൻ സിനിമയായിരിക്കും’.
വിജയ് നായകനായ ലിയോ എന്ന ചിത്രത്തിനും രണ്ടാം ഭാഗമുണ്ടാകും. ചിലപ്പോൾ അതിലേക്കും തനിക്ക് ഒരു അവസരം ലഭിച്ചേക്കുമെന്നും അർജ്ജുൻ ദാസ് പറഞ്ഞു. കൈതിയിൽ അൻപ് എന്ന പ്രതിനായകന്റെ വേഷത്തിലാണ് അർജ്ജുൻ എത്തിയത്. ആദ്യ ചിത്രമായിരുന്നിട്ടും വളരെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ താരം കാഴ്ചവച്ചത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ വന്ന രണ്ടാമത്തെ ചിത്രമായിരുന്നു വിക്രം. ചിത്രത്തിലും അർജ്ജുൻ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.















